Powered By Blogger

Thursday, 13 October 2011

THUDAKKAM



മുന്‍പൊരു പക്ഷിയും പാടത്ത സ്വരങ്ങള്‍ ഒരു പക്ഷിയുടെയും കണ്ഠങ്ങളില്‍ നിന്നുണ്ടാകാറില്ല.
ഏദന്‍  തോട്ടത്തിന്റെ പുതുമക്ക് ശേഷവും പതനത്തിനു ശേഷവും ഒറിജിനല്‍ ആയി ഒരു റോസാപ്പൂവും ഉണ്ടായിട്ടില്ല. 

                                      
                                          T b .aldrich 
                                                                                                                                                                                      
അബ്ലോഗോ കാളനി


"ഈ അബ്ലോഗോ കാളനീന്നു   പോവാതെ മനുഷ്യന്റെ മൈന്റ് രക്ഷപ്പെടൂലാ"
നമ്മുടെ ബ്ലോഗും 
ഇന്‍റെര്‍നെടുമൊക്കെ വരുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോട്ടന്‍ന്ക്കിശന്‍ അടിച്ചു കൊടുത്ത ബെറ്റ് ചായയും കയ്യില്‍ വാങ്ങി കൊണ്ടു പട്ടാളം പ്രസന്ന ഇങ്ങനെ പറഞ്ഞത്. 
പുള്ളിക്കാരിക്കു അങ്ങനെ പറയാം.. പുള്ളിക്കാരിയെ പട്ടാളം ജാനകിയമ്മ 'പെറ്റിട്ടത്‌' ഈ അബ്ലോഗോ കാളനിയിലല്ല; അ.......ങ്ങ് സിങ്കപൂരിലാണ്... 
വ്രെട്ടീസ് പട്ടാളത്തില്‍ അവ്വീല്‍ദാര് മേജരായിരുന്ന കെട്ട്യോന്‍ കൊച്ചൂട്ടി മച്ചമ്പി ജാനകിയമ്മയെ   സര്‍ക്കീട്ടടിക്കാന്‍ (ടൂറിനു) കൊണ്ടു പോകാത്തോരിടവും ഈ ഫൂമി മലയാളത്തിലില്ല. 
കന്യാകുമാരി മുതല്‍ സിങ്കപൂര് വരെയും(ഫൂമീന്നു ചന്ദ്രനി പോണ ദൂരം വരും ) കരിച്ചാറ മുക്കുമുതല്‍ കണിയാപുരം റെയില് വെ ശേഷന്‍ വരെയും കൊണ്ടു പോയിറ്റൊന്ടു (ദൂരം ജാനകിക്ക് പിടിത്തോല്ല).
അങ്ങനെയൊരു സര്‍ക്കീട്ടടിയില്‍ അ...ങ്ങ് സിങ്കപൂരിലെ  'തിരുവന്തോരം മേടിക്കകാളേജില്' വെച്ചാണ് പട്ടാളം ജാനകിയമ്മ പട്ടാളം പ്രസ്സന്നയെ പ്രസവിക്കുന്നത്.. ഇതാണ് പട്ടാളം കുടുംബക്കാര്‍ നാടൊട്ടുക്ക് പറഞ്ഞു നടക്കുന്ന കഥ. 
പക്ഷെ നാട്ടില്‍ പാട്ടായിരിക്കുന്ന കഥ താഴെ പറയും പ്രകാരമാണ്.
നാട്ടിലെ വല്യ പണക്കാരനാണ് സിങ്കപ്പൂര്‍ നാണപ്പന്‍ .. നാണപ്പന്‍ തോട്ടുംമുഖം തോട്ടില്‍ കുളിക്കാന്‍ വരുന്നത് കാണാന്‍ പെണ്ണുങ്ങളും പോയി നില്‍ക്കുമായിരുന്നു... സീന്‍ പിടിക്കാനെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് ..അല്ല.. പല്ല് തേച്ചിട്ട് ഉമിക്കരി പൊതിഞ്ഞു കൊണ്ടു വന്ന നൂറു രൂപയുടെ നോട്ട്,  തോട്ടിലെ ഒഴുക്ക് വെള്ളത്തിലേക്ക്  കളയുമ്പോള്‍.. അത് ചാടി വീണു എടുക്കാനുള്ള കടിപിടിഅടിപിടി... മത്സരത്തില്‍ മെമ്പര്‍ ആകാന്‍ .... 
(ഈ നാണപ്പന്റെ ഓര്‍മക്കായി നാണപ്പന്റെ വീടിരുന്ന മൂന്നും കൂടിയ ആ മുക്കിനു ഇന്നത്തെ പേര് സിങ്കപ്പൂര്‍ മുക്ക്.)
അങ്ങനെ സിങ്കപ്പൂര്‍ നാണപ്പന്റെ കൊട്ടാരം പോലുള്ള വീട്ടില്‍ അടുക്കള പണിക്കു പോയ ജാനകിയമ്മയുടെ നിറവയറനികത്ത് കയ്യും കാലുമടിച്ച് മടുത്ത പട്ടാളം പ്രസന്ന, സിങ്കപ്പൂര്‍ മൊസേക്കിട്ട അടുക്കള മൂലയിലേക്ക് ചാടിയിറങ്ങി,..  നാണം മറയ്ക്കാതെ ഒരു നാണവുമില്ലാതെ നാണപ്പന്റെ വീട്ടില്‍ ഇഴഞ്ഞു കളിച്ചു തുടങ്ങിയത്രേ.. 
പട്ടാളം പ്രസന്ന ജനിച്ചു വീണത്‌ സിങ്കപ്പൂരിലോ സിങ്കപ്പൂര്‍ക്കാരന്റെ അടുക്കള മൂലയിലോ ആയിക്കോട്ടെ അപ്പോളോ കോളനിക്കാര്‍ക്ക് വശമില്ലാതിരുന്ന വാക്കും വചനങ്ങളും പ്രസന്നക്കു സ്വായത്തമായിരുന്നു.

പ്രസന്ന ദൂരെ നിന്നേ വരുന്നത് കാണുമ്പോള്‍ പലോഞ്ഞനകടക്കാരന്‍ കുടവയറന്‍ ചൂണ്ടേലപ്പ ജാഗരൂകനായി ചെവിയും കൂര്‍പ്പിച്ചിരിക്കും.കടയിലുള്ള സാധനങ്ങള്‍ക്ക് പട്ടാളക്കാരിയുടെ ഭാഷയില്‍ വാക്കുകള്‍ വേറെയാണ്..
ഒന്നരരൂവക്ക് സവോലോളീ.... അമ്പതീസര മുട്ടക്ലോസ്... രണ്ടിനുക്ക് വോയിലോള്ളം... പ്രസന്നക്കാരിയുടെ ചൂണ്ടു വിരലിന്റെ ദിശ നോക്കി, ചൂണ്ടേലപ്പ, ഒന്നര രൂപയ്ക്കു സവാളയും . അമ്പത് പൈസക്കുള്ള  കോഴിമുട്ടയും , രണ്ടു തുടം വെളിച്ചെണ്ണയും കൊടുക്കും, പക്ഷെ ഒരിക്കല്‍ പ്രസന്നയുടെ ഒരു പ്രയോഗത്തില്‍ ചൂണ്ടേലപ്പയുടെ തിക്കട വിട്ടു. പതിവ് പോലെ പ്രസന്ന വരുന്നു. മുതലാളി സാധനങ്ങളെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം കൊടുക്കുന്നു. പെട്ടെന്ന് പട്ടാളക്കാരി ഒരു ചോദ്യം: മുതലാളീ.. നിങ്ങട അരിക്കുടുക്കാക്ക് എന്താ വെല?
മുതലാളി ഞെട്ടുന്നു. പെണ്‍കൊടിയുടെ കൈകളിലേക്ക് നോക്കുന്നു. ചൂണ്ടു വിരല്‍ ചാക്കരിയുടെ  നേര്‍ക്കാണെന്നു കണ്ടു ആശ്വാസത്തോടെ പറയുന്നു. അരിക്കുടുക്കാക്ക് പണ്ടത്തെ വെലെന്നുമില്ലാ കൊച്ചെ...


ഇത് അപ്പോളോ കോളനിയുടെ വായ്മൊഴി ചരിത്രത്തില്‍ ആരോ പറഞ്ഞിട്ടൊരു കൊച്ചു കഥ.. ഇങ്ങനെയുള്ള ഒരായിരം കഥകളുടെ കൂട്ടത്തില്‍ നിന്നും പറഞ്ഞു കേട്ടതും കണ്ടറിഞ്ഞതും ഇനി നടക്കാനിരിക്കുന്നതുമായ കുറച്ചു കഥകള്‍ പറയുന്ന ഈ ബ്ലോഗിടത്തിനു ഞാന്‍ ...... സോറി... ഞാനല്ല..പട്ടാളം പ്രസന്നയക്കന്‍ കൊടുത്ത പേരാണ്.:

അബ്ലോഗോ കാളനി




                                   

1 comment:

  1. കൂടുതല്‍ കാളനി കഥകള്‍ക്കായി കാത്തിരിക്കുന്നു. പ്രസന്ന അക്കനും പരിവാരങ്ങളും വിജയിക്കട്ടെ.

    ReplyDelete